11/09/2017
തിരുവിതാംകൂറിന്‍റെ രുചിവൈവിധ്യങ്ങള്‍ തേടി ഒരു ചെക്ക്ന്‍ ഗോ ബൈക്ക് യാത്ര..
-----------------------------------------------------------------------------------
എന്‍ഫീല്‍ഡ് നല്ല ബൈക്കുകള്‍, ദൂരയാത്രയ്ക്ക് വളരെ നല്ലതാണ്. പക്ഷേ അവയുടെ ഒഫിഷ്യല്‍ സര്‍വീസ് സെന്‍ററുകള്‍ വളരെ കുറച്ചു നാളുകള്‍ കൊണ്ടുതന്നെ വെറുപ്പിക്കും. വെറുക്കപ്പെട്ട സര്‍വീസ് സെന്‍ററുകളില്‍ നിന്നുള്ള മോചനം തേടി തലസ്ഥാനത്ത് പല തുറയില്‍ ജോലിചെയ്യുന്ന പരിചയക്കാരും അല്ലാത്തവരുമായ ഞങ്ങളൊക്കെ എത്തിയത്, ഒരു പഴയ സിംഹത്തിന്‍റെ മടയിലായിരുന്നു.Dinesh Dinesh CheckNgo, ഓടി പതം വന്ന ബുള്ളറ്റുകള്‍ക്ക് പുത്തന്‍ ജീവന്‍ നല്കാന്‍ മിടുക്കനായ ദീനേശേട്ടന്‍റെ വര്‍ക്ഷോപ്പ്, വല്ലപ്പോഴുമുള്ള കണ്ടുമുട്ടലുകളില്‍ ഞങ്ങള്‍ ബൈക്ക് യാത്രകളെപ്പറ്റി ആലോചിക്കുകയും അത് ആഘോഷിച്ചു നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ ഒരു വാട്സാപ്പ് ചര്‍ച്ചാവേളയില്‍ Sai Nath പറഞ്ഞ ഒരു കഥയാണ്. പഴയ തിരുവിതാംകൂര്‍ അതിര്‍ത്തിയിലെ- കന്യാകുമാരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലെ ആദിവാസികള്‍ ഉണ്ടാക്കുന്ന കല്ലില്‍ ചുട്ടകോഴി, മനോരമയില്‍ ഒരിക്കല്‍ വന്ന ലേഖനത്തില്‍ നിന്ന് Samson P. Samuel ന്‍റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. സിനിമാതീയേറ്ററിലായിട്ടുപോലും അദ്ദേഹം ആവേശത്തോടെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.
10 -ാം തീയതിയിലേക്ക് ഫിക്സ് ചെയ്തു പെട്ടെന്നു തീരുമാനിച്ചതായതുകൊണ്ട് കുറേപ്പേര്‍ക്ക് അസൌകര്യം, എന്നാലും ഉള്ളവരെ വച്ച് പോകാന്‍ തീരുമാനിച്ചു, സായിക്കാകട്ടെ ഞായറാഴ്ച പെണ്ണുകാണലും, പെണ്ണു കാണാന്‍പോണോ, കല്ലില്‍ ചുട്ടകോഴി കഴിക്കാന്‍ പോണോ എന്ന കണ്‍ഫ്യൂഷന്‍, ഒടുവില്‍ പെണ്ണുകണ്ടിട്ട് അതുവഴി വന്ന് കല്ലില്‍ചുട്ടകോഴി കഴിക്കാം എന്നു തീരുമാനിച്ചു.
രാവിലെ 8 മണിക്ക് മാനവീയത്തില്‍ ദിനേശേട്ടന്‍ ഉറക്കമുണര്‍ന്ന് വരുന്നതും കാത്തിരുന്നപ്പോഴാണ് Divya Sagar ഞാന്‍ കൂടി മെമ്പറായ Eat ഗ്രൂപ്പിലെ സ്റ്റാറായ Good Morning Hotel നെ പറ്റി പറയുന്നത്. ദിനേശേട്ടനോട് നേരെ കരമനയുള്ള ഗുഡ് മോണിംഗ് ഹോട്ടലിലെത്താന്‍ പറഞ്ഞിട്ട് ഞങ്ങള്‍ Manu Parameswaran P, Sony Sk, Adhithyan, Divya, Rajee S Rajendran, Amala Antony Eanthem Kuzhy, Prakash R Nair,
എന്നിവര്‍ ഗുഡ് മോണിംഗ് ഹോട്ടലിക്ക് പറത്തി.
കോയിന്‍ബൊറോട്ടയും ബീഫും രാവിലെ 8.30 ന്
തിരുവനന്തപുരം കരമന കുഞ്ചാലുമൂട്ടിലുള്ള ഒരു ചെറിയ കടയാണ് ഗുഡ് മോണിംഗ് ഹോട്ടല്‍.. രാവിലെ 8 മണിക്ക് തുടങ്ങുന്ന കോയിന്‍ ബൊറോട്ടയും ബീഫും പരമാവധി 9 മണിയാകുമ്പോ തീരും, കല്ലില്‍ അപ്പോള്‍ ചുട്ടെടുക്കുന്ന നല്ല മൊരിഞ്ഞ കുഞ്ഞു ബൊറോട്ടയും ഇരുമ്പ് ചീനിച്ചട്ടിയില്‍ തിളച്ചു കിടക്കുന്ന നല്ല ചൂട് ബീഫും. രുചി പറഞ്ഞറിയിക്കാന്‍ വയ്യ.. കൂടെ പുതിനയിലയിട്ട സുലൈമാനിയും. ഉസ്താദ് ഹോട്ടലില്‍ തിലകന്‍ ചേട്ടന്‍ പറഞ്ഞപോലെ ഭക്ഷണം കൊടുത്ത് വയറു നിറയ്ക്കാന്‍ ആരെക്കൊണ്ടും പറ്റും. മനസ്സ് നിറയ്ക്കാന്‍ കഴിയുമ്പോഴാണ് അത് പൂര്‍ണമാകുന്നത്. പണ്ടൊക്കെ കൂലിപ്പണിക്ക് പോകുന്ന തോഴിലാളികളുടെ സ്ഥിരം പ്രഭാതഭക്ഷണമായിരുന്നു അത്. Eat ഗ്രൂപ്പില്‍ സ്ഥിരം പരാമര്‍ശിക്കപ്പെട്ടതോടെ അത് അവര്‍ക്ക് കിട്ടാക്കനിയായി എട്ടുപേര്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന കടയ്ക്ക് പുറത്ത് രാവിലെ എപ്പോഴും 16 പേരുടെ ക്യൂ കാണും. രാവിലെ അരമണിക്കൂര്‍ മുമ്പ് വീട്ടില്‍ നിന്ന് ഇഡ്ഡലി കഴിച്ച ഞാന്‍പോലും അഞ്ച് ബോറോട്ടയും അതിനൊത്ത ബീഫും തട്ടി..
അപ്പോഴേക്കും ദിനേശേട്ടനും, ദിവ്യയുടെ അച്ഛനും എത്തി, അവരും കഴിച്ചുകഴിഞ്ഞ് നമ്മുടെ ഗ്രൂപ്പിന്‍റെ ദീര്‍ഘകാലത്തെ ആഗ്രഹമായിരുന്ന കീരിപ്പാറ- കന്യാകുമാരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലേക്ക് നാഷണല്‍ ഹൈവേ വഴി യാത്ര, തൃപ്പരപ്പ് ഡാം കഴിഞ്ഞ് നേരെ ഒരു 34 കിലോമീറ്റര്‍ കൂടി പോയാല്‍ പഴയ തിരുവിതാംകൂറിന്‍റെ അതിര്‍ത്തിയായ കീരിപ്പാറ എത്തും. കള്ളത്തതടിവെട്ടി കടത്തുന്നവരും, കുറച്ച് ആദിവാസികളും മാത്രം താമസിച്ചിരുന്ന സ്ഥലം ഒരു നല്ലൊരു വിനോദസഞ്ചാരകേന്ദ്രമായി മാറുന്നതിലേക്കുള്ള പ്രയാണത്തിലാണ്. തിരുവനന്തപുരത്തുകാരനായ കന്യാകുമാരി ഡി.എഫ്.ഒ യുടെ ശ്രമഫലമായാണിത്.
തിരുവനന്തപുരത്ത് നിന്ന് രണ്ടരമണിക്കൂര്‍ ബൈക്ക് യാത്ര ചെയ്ത് കീരിപ്പാറ കാളികേശം ഇക്കോ ക്യാമ്പിലെത്തി, വളരെ സ്നേഹത്തോടെ ഫോറസ്റ്റ് വാര്‍ഡന്‍ പ്രഭാകര്‍ സ്വീകരിച്ചു. കന്യാകുമാരി ജില്ലാ ഫോറസ്റ്റ് ഓഫീസറും വന്ന് പരിചയപ്പെട്ടു. കുറച്ച് വിശ്രമത്തിന് ശേഷം സദ്യ... ചിക്കന്‍ കറിയും പായസവും ഉള്‍പ്പെടെ വിഭവ സമൃദ്ധം. അപ്പോഴേക്കും സായിയും രാജേഷും എത്തി. അതിനുശേഷം വറ്റി കിടക്കുന്ന ഡാമിലേക്ക് ബൈക്കുകളുമായി ഇറങ്ങി... എത്ര ഓടിച്ചിട്ടും മതിവന്നില്ല, ചെറിയ നീരൊളുക്കുകളും ചെറിയ ചതുപ്പുകളും പിന്നിട്ട് ഞങ്ങളുടെ ബൈക്കുകള്‍ മുന്നേറി...വഴിയില്‍ കണ്ട ചെറിയ നദിയില്‍ എടുത്തു ചാടി, കുളി അടിപൊളിയാക്കി ചിലര്‍.
കല്ലില്‍ ചുട്ടകോഴി.
തിരുവിതാരംകൂറിന്‍റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ആദിവാസികള്‍ കോഴിയിറച്ചി പാകം ചെയ്തിരുന്നത് പ്രത്യേക രീതിയിലായിരുന്നു. നദിയിലെ ഉരുളന്‍കല്ലുകള്‍ തീയിലിട്ട് അരമണിക്കൂറിലധികം പഴുപ്പിക്കും അതിനുശേഷം ആ കല്ലില്‍ കാന്താരിമുളകും ഉപ്പും തേച്ചുപിടിപ്പിച്ച നല്ല നാടന്‍കോഴിയിറച്ചി വച്ച് അടയിലകൊണ്ട് മൂടി വയ്ക്കും 15 മിനിട്ടിനകം നല്ല ക്രിസ്പി, രുചിയേറിയ കല്ലില്‍ ചുട്ട കോഴി തയാര്‍, രുചി സാധാരണ ചിക്കന്‍ ഫ്രൈ പോലല്ല, മാസ്മരികം.... ഇതുപോലെ കപ്പയും ബീഫും മട്ടനും ഒക്കെ ചെയ്യാം എന്ന് ഈ പാചകവിദ്യയില്‍ വിദഗ്ധനായ കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ ഉറപ്പു നല്കി... കപ്പയും കാന്താരിമുളക് ചമ്മന്തിയും കല്ലില്‍ ചുട്ട കോഴിയും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. അപ്പോള്‍ ഡാമിലെ കുറ്റിക്കാടുകളില്‍ മയിലുകള്‍ ഉച്ചത്തില്‍ കരയുന്നുണ്ടായിരുന്നു, മനുഷ്യരുടെ കരച്ചിലിനോട് സാമ്യമുള്ള ആ നിലവിളി കേട്ടതുകൊണ്ടാണോ, അതോ അത്രയും നല്ല ഒരു സ്ഥലത്തുനിന്ന് പിരിയാനുള്ള വിഷമം കൊണ്ടാണോ എന്നറിയില്ല. അവിടെ നിന്ന് തിരിച്ചപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും മനസ്സ് വിങ്ങുന്നുണ്ടായിരുന്നു.
ചെല്ലാ ഒരു നടകൂടെ വരേണ്ടി വരും കേട്ടാ എന്ന് കൃഷ്ണന്‍കുട്ടിചേട്ടനോട് പറഞ്ഞ് ഞങ്ങള്‍ തിരിച്ചു വണ്ടി വിട്ടു...
ഒരു കാര്യം മനസ്സിലായി കൈപുണ്യം എന്നത് വയറ് നിറയുമ്പോള്‍ മാത്രമല്ല, കഴിക്കുന്നവന്‍റെ മനസ്സും നിറയുമ്പോഴാണ് പൂര്‍ണമാകുന്നത്.
Kudukkathupara offroading