09/04/2019
'അപ്സര' ഹോട്ടലും
അഞ്ച് ആൺമക്കളും!!
ഇന്ന് ഞാൻ എഴുതുന്നത് എന്റെ നാട്ടിലുളള ഒരു ഹോട്ടലിനെ കുറിച്ചും അതിന് പിന്നിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അഞ്ചു സഹോദരങ്ങളെ കുറിച്ചുമാണ്.
ഭക്ഷണ കാര്യത്തിൽ യാതൊരു പിശുക്കും വിട്ടുവീഴ്ചയും കാട്ടാത്തവരാണ് ഞങ്ങൾ പെരുമ്പാവൂരുകാർ. പെരുമ്പാവൂരിന്റെ ഭക്ഷണ പെരുമയോടൊപ്പം സംവത്സരങളായി കൈപിടിച്ചു നടക്കുന്ന ഒരു സ്ഥാപനമാണ് ഹോട്ടൽ അപ്സര.
രുചികരമായതും ശുദ്ധകരവുമായ ഭക്ഷണം
വിശ്വസ്തതയോടെ കഴിക്കുന്നവർക്ക് വർഷങളായി ഹോട്ടൽ അപ്സര കഴിഞ്ഞേ മറ്റേതുമുളളൂ. അപ്സരയിലെ ബിരിയാണിയും മട്ടൻ ഫ്രൈയും അത്രയേറെ പേരുകേട്ടതാണ്.
ഞാൻ പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിലിണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയിരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് എനിക്ക് വൈകുന്നേരം സ്കൂൾ വിട്ട് നേരെ ട്യൂഷൻ പഠിക്കാൻ പോകണമായിരുന്നു. അതുകൊണ്ട് വീട്ടിൽ വന്ന് വൈകുന്നേരത്തെ ചായ കുടിക്കാൻ സാധിക്കാത്തത് കൊണ്ട് അപ്സരയിൽ നിന്നും ചായകുടിച്ച് ട്യൂഷന് പോകാൻ എന്റെ പിതാവ് ഏർപ്പാടാക്കിയിരുന്നു. ട്യൂഷൻ മുടങ്ങിയാലും വൈകുന്നേരമുളള അപ്സരയിലെ ചായ കുടി മുടങ്ങാതെ ഞാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.
ഏതാണ്ട് എഴുപത് വർഷങ്ങൾക്കു മുമ്പ് അങ്ങ് വടക്ക് മാഹിയിൽ (തലശ്ശേരി ) നിന്നും ഹോട്ടൽ പരിപാടിയുമായി പെരുമ്പാവൂരിൽ വന്ന ആലിക്കയാണ് അപ്സര ഹോട്ടലിന്റെ പിറവിക്കു പിന്നിലെ ചാലകശക്തി.
അന്ന് പെരുമ്പാവൂർ നാലുംകൂടി കവലയിൽ ഹോട്ടൽ കൊളംബോ എന്ന പേരിൽ ആലിക്കയും മറ്റു രണ്ടു പേരും ചേർന്ന് നടത്തിയ ഹോട്ടലിൽ നിന്നുമാണ് അപ്സര ഹോട്ടലിലേലേക്കുളള ചുവട് വെയ്പ്പിന്റെ തുടക്കം.
കൊളൊംബോ ഹോട്ടലിലെ മൂന്നു പേരിൽ ഒരാൾ ഒരു വർഷം ഹോട്ടൽ നടത്തുകയും മറ്റു രണ്ടു പേർ അടുക്കളയിൽ ജോലി ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. ഇതേപോലെ ഓരോരുത്തരും മാറി മാറി വർഷാവർഷം സ്ഥാപനം നടത്തുകയും ആ സമയം മറ്റു രണ്ടു പേർ അടുക്കളയിൽ ജോലി ചെയ്യുകയും ചെയ്യും.
വർഷങ്ങൾക്കു ശേഷം ന്യൂ അപ്സര എന്ന പേരിൽ ശങ്കരയ്യർ സൺസിന് ഓപ്പോസിറ്റ്
ആലിക്ക സ്വന്തമായി ഹോട്ടൽ ആരംഭിക്കുകയും പിന്നീട് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുമാണുണ്ടായത്.
ആലിക്കക്ക് അഞ്ച് ആൺമക്കളും
ഒരു പെണ്ണുമാണുള്ളത്. രണ്ടു വർഷങ്ങൾക്കു മുൻപ് ആലിക്ക മരണപ്പെട്ടു. അദ്ദേഹത്തിന്റെ ഹാഷിം, ബഷീർ, അയ്യൂബ്, അക്ബർ, സമീർ എന്നീ അഞ്ചു ആൺമക്കളും ചേർന്നാണ് ഇപ്പോഴും ഹോട്ടൽ അപ്സര നടത്തുന്നത്. പുറത്ത് രണ്ടു പേരുണ്ടെങ്കിൽ ബാക്കിയുളളവർ അകത്തുണ്ടാകും. ആ ഐക്യവും സാഹോദര്യവും അർപ്പണ മനോഭാവവും തന്നെയാണ് അപ്സരയിലെ ഭക്ഷണത്തിന്റെ ബറക്കത്തും എന്ന് പലരിൽ നിന്നും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്. സാഹോദര്യ ബന്ധത്തിന് ഉത്തമ മാതൃക തന്നെയാണ് അവരുടെ രീതികൾ.